Friday, September 19, 2008

അക്രമം!അനീതി!

പ്രകോപിക്കൂ
പ്രതികരിക്കൂ
രോഷംകൊള്ളൂ
ഇവിടെ ഇതാ ഒരു പത്രപ്രവര്‍ത്തക നേതാവിനെ അധിക്ഷേപിക്കുന്നു
മര്യാദ അപകടത്തില്
‍മാന്യത പടുകുഴിയില്‍
അക്രമം!അനീതി!
പ്രിയപ്പെട്ട സഹ ബ്ളോഗര്‍മാരെ, സുഹൃത്തുക്കളെ, ഇവിടെ, ഈ കമന്റില്‍ എന്തിന് വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നു എന്നു നിങ്ങള്‍ ചിന്തിച്ചേക്കും. എന്നാല്‍, അതുചിലതു പറയാതെ തരമില്ല. ആരെയും മോശമാക്കാനല്ല. ചില സത്യങ്ങള്‍ വിളിച്ചുപറയണമെങ്കില്‍ അതിനുപിന്നിലെ ചരിത്രവും വ്യക്തമാക്കണം. അതില്‍ വ്യക്തിയുടെ നിലപാടുകളും കാപട്യങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല എന്ന് കരുതുന്നു. 'മര്‍ഡോക്ക് വന്നിടടു കാലമെത്രയായി' എന്ന ഒരു പോസ്റ്റാണ് ഈ പ്രകോപനത്തിന്റെ അടിസ്ഥാനം.

ചീഞ്ഞ പരിപാടി എന്നുകേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്‍പി രാജേന്ദ്രന്‍ എന്ന മാധ്യമ പുംഗവന്‍ എഴുതിയ ഈ പോസ്റ്റ് വായിച്ചാല്‍ മതി. രാജേന്ദ്രന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വന്‍ നേതാവാണെന്ന് സ്വയം കരുതുകയും അങ്ങനെതന്നെയെന്ന് ചിലരെല്ലാം പറയുകയും ചെയ്യുന്നുണ്ട്.

പണ്ട് എം എ ജോണ്‍ നമ്മെ നയിക്കും എന്നു പാടി പരിവര്‍ത്തനവാദി കോണ്‍ഗ്രസായി പണിതുടങ്ങിയ അദ്ദേഹം മലപ്പുറം പി മൂസയുടെയും സി ആര്‍ രാമചന്ദ്രന്റെയും പിടിയില്‍നിന്ന് പത്രപ്രവര്‍ത്തക യൂണിയനെ ഊരിയെടുത്തതോടെയാണ് നേതാവായത്. അന്നുമുതല്‍യൂണിയന്റെ ഭാരവാഹികള്‍ ആരായാലും എന്തെങ്കിലും വകുപ്പുതരപ്പെടുത്തി രാജേന്ദ്രന്‍ കയറി ഭരിക്കും. വെബ്സൈറ്റ് വന്നാല്‍, ഡല്‍ഹിയില്‍ പോകാന്‍, ഭരണഘടന ഭേദഗതി ചെയ്യാന്‍, പത്രപ്രവര്‍ ത്തകന്‍ എന്ന പ്രസിദ്ധീകരണം ഇറക്കാന്‍-എന്തിനും ഏതിനും രാജേന്ദ്ര നേതാവ്. ആദ്യ നാളുകളില്‍ സ്വന്തം സ്ഥാപനത്തില്‍ എംഡിയുടെ ശത്രുവായിരുന്നു ടിയാന്‍. നാടുമുഴുക്കെ പറഞ്ഞുനടന്നത് 'എംഡിയുടെ പോഴത്തരങ്ങള്‍'. പതുക്കെ കളം മാറി.

എംഡിയോടു പിണങ്ങിനിന്നാല്‍ സ്ഥലംമാറ്റമുണ്ടാകും. കോഴിക്കോട്ടു ചുറ്റിക്കറങ്ങി ഒരേസമയം രാഷ്ട്രീയ നേതാവും പത്രപ്രവര്‍ത്തക നേതാവും കളിക്കാന്‍ കഴിയില്ല. അതുകൊണ്ട്, വെറുപ്പിനുപകരം ആരാധന കഴുത്തില്‍ കെട്ടിത്തൂക്കി. കയ്യിലുള്ള 'വിശേഷാല്‍ പ്രതി'യിലൂടെ തന്റെ അവസരത്തിനൊത്ത നിലപാടുകള്‍ ഉപ്പും മുളകും മസാലക്കൂട്ടും ചേര്‍ത്ത് വിളമ്പി. കുറ്റം പറയരുതല്ലോ. പാചക കലയില്‍ വിദഗ്ധനാണ്.നന്നായി വേവിച്ച് എരിവും പുളിയും ചേര്‍ത്തുതന്നെയാണ് വിശേഷാല്‍ പ്രതി വിളമ്പാറുള്ളത്. അതുകൊണ്ടുതന്നെ മനോരമയിലെ വിമതനെയും ദേശാഭിമാനിയിലെ ശതമന്യുവിനെയുംകാള്‍ വായനക്കാര്‍ ഇന്ദ്രനുണ്ട്.

വായനക്കാര്‍ നല്‍കിയ അംഗീകാരം അഹന്തയ്ക്കാണോ വഴിമാറിയതെന്ന് ഈയുള്ളവന് തിട്ടമില്ല. അതല്ലെങ്കില്‍, മാറാട് കലാപത്തോടനുബന്ധിച്ച് അടച്ചിട്ടമുറിയില്‍ മന്ത്രിമാരുമായി ചര്‍ച്ചചെയ്യാന്‍ 'ജനകീയ നേതാവിന്റെ'ഭാവത്തോടെ മധ്യസ്ഥവേഷത്തില്‍ പോകില്ലായിരുന്നു. രാവിലെയും വൈകുന്നേരവും ഊഴംവെച്ച് നുണസേവിക്കുന്ന തുക്കടാ പത്രക്കാരന് മധ്യസ്ഥവേഷം എങ്ങനെ കിട്ടി എന്നത് ഇന്നും അജ്ഞാതം. അതു പോകട്ടേന്നുവെക്കാം. പക്ഷേ, അങ്ങനെ അടച്ചിട്ടമുറിയില്‍ രഹസ്യമായി, പരസ്പര വിശ്വാസത്തോടെ നടത്തിയ ചര്‍ച്ച പിന്നീട് സ്വയം ആളാകാന്‍ എഴുതി പ്രസിദ്ധപ്പെടുത്തിയാലോ? അത്തരമൊരു നാണംകെട്ട പണിക്കുകൂടി ഇറങ്ങി മാധ്യമ മധ്യസ്ഥന്‍.

ഇന്ന്, പത്രപ്രവര്‍ത്തക യൂണിയന്റെ തലപ്പത്തുള്ളവര്‍ തന്റെ കുഞ്ഞുങ്ങളാണെന്നാണ് ആജീവനാന്ത നേതാവിന്റെ ഭാവം. അവര്‍ ചെയ്തുകൂട്ടുന്ന തോന്ന്യാസങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും കുടപിടിച്ചുകൊടുക്കലാണ് പ്രധാന പണി. സ്വന്തം രാഷ്ട്രീയം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശത്രുപക്ഷത്താണ്. അതുതന്നെ, സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവരോടാണ് വെറുപ്പ്. പ്രത്യേകിച്ചും കേരള സംസ്ഥാന ഘടകത്തെ നയിക്കുന്നവരോട്. പാര്‍ട്ടിക്കകത്തുനിന്ന് തുരപ്പന്‍പണിയെടുക്കുന്നവരോട് പെരുത്ത് അടുപ്പം!

ഇപ്പോള്‍ ഏഷ്യാനെറ്റ് റൂപ്പര്‍ട്ട്മര്‍ഡോക്ക് വാങ്ങുന്നത് ലളിതവല്‍കരിച്ച്, അത് ഏതോ മുറുക്കാന്‍കട വിറ്റ ലാഘവത്തോടെ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക. മാതൃഭൂമിയുടെ ഓഹരികള്‍ ടൈംസ് ഓഫ് ഇന്ത്യാക്കാരന്‍ വാങ്ങാന്‍ പോയത് പാരമ്പര്യ നിരാസം; മണ്ണാങ്കട്ട. ഏഷ്യാനെറ്റ് മര്‍ഡോക്ക് വാങ്ങുന്നത് ആഗോളവല്‍ക്കരണത്തിന്റെ മാസക്കുളി!

ദീപിക പത്രത്തിന്റെ ചെയര്‍മാനായി ഫാരിസ് അബൂബേക്കര്‍ വന്നപ്പോള്‍ അത് അവിശുദ്ധപണത്തിന്റെ തിളപ്പെന്നാണ് ഈ മാന്യനും കൂട്ടരും പറഞ്ഞത്. മര്‍ഡോക്കിന്റെ പണത്തിന് നല്ല അത്തറിന്റെ മണമാണ്. സംഗതിയുടെ കിടപ്പ് വേറെയാണ്. മുര്‍ഡോക്കിന് ഏഷ്യാനെററിന്റെ വിനോദ ചാനലുകളേ തല്‍ക്കാലം വില്‍ക്കുന്നുള്ളൂ. വാര്‍ത്താ ചാനല്‍ മുര്‍ഡോക്കിന് അപ്പടി വിഴുങ്ങിക്കൂടാ. അതിന് നിയമ തടസ്സമുണ്ട്. 26 ശതമാനം ഒഹരിയേ വിദേശികള്‍ക്ക് വില്‍ക്കാന്‍ വകുപ്പുള്ളൂ.

വിടവിലൂടെ ആപ്പുകയറ്റുന്നത് മാധ്യമ പുംഗവന്റെ പത്രമാണ്. അതായത്, ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വാങ്ങാന്‍ മാതൃഭൂമി വിലപേശിക്കൊണ്ടിരിക്കുകയാണെന്ന്. മുര്‍ഡോക്കും മാതൃഭൂമിയും കൂട്ടുകച്ചവടം നടത്തുകയാണ്. അങ്ങനെ വരുമ്പോള്‍ രാജേന്ദ്രന് ഈ പണിയല്ലാതെ മറ്റെന്തു ചെയ്യാനാകും?മാതൃഭൂമിയുടെ പ്രധാനപ്പെട്ട ഒരാളും വിശ്വസ്ത ഭൃത്യനുമാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ഭാരവാഹിത്വത്തിലിരിക്കുന്നത്. അവര്‍ക്ക് കള്ളക്കളി കളിച്ചേ മതിയാകൂ. അതുകൊണ്ടാണ് ആഗോള മാധ്യമ ഭീകരനായ റൂപ്പര്‍ട്ട് മര്‍ഡോക്ക് അലറിവിളിച്ചുവരുമ്പോള്‍ യൂണിയന്‍നേതാക്കള്‍ കാക്കേ പൂച്ചേ പാടിയിരിക്കുന്നത്. വാലാട്ടിയാലല്ലേ നന്ദിപ്രകടനമാകൂ.

കേരളത്തില്‍ അമേരിക്കന്‍ താല്‍പര്യമെന്തെന്ന് പരിഹാസപൂര്‍വം ചോദിക്കുന്നുണ്ട് രാജേന്ദ്രന്‍. മാത്രമോ, മര്‍ഡോ ക്കിന് രാഷ്ട്രീയത്തിലെന്താണ് കാര്യം, കച്ചവടമല്ലേ പ്രധാനം എന്നും. മര്‍ഡോക്കിന് ചൈനക്കാരിയായ ഭാര്യയും ചൈനയില്‍ ബിസിനസ്സുമുള്ളതുകൊണ്ട് അയാള്‍ സിപിഎമ്മിനേകകാള്‍ ചോപ്പനാണെന്നാണ് സ്ഥാപിക്കുന്നത്. ചൈനയില്‍ പാമ്പിനെയും തേളിനെയും തിന്നുന്നതുകൊണ്ട്, ഇവിടുത്തെ സഖാക്കള്‍ അതുചെയ്യണമെന്നു പറയാത്തത് മഹാഭാഗ്യം.

മള്‍ഡോക്ക് മഹാനാണ്, തൊഴിലാളി പ്രേമിയാണ്, വിനോദ പ്രിയനാണ് എന്നെല്ലാം രാജേന്ദ്രന്‍ സര്‍ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. ഇനിയുള്ളത് അരിയിട്ടു വാഴ്ചയാണ്. ഇതിനിടയ്ക്ക്, ഏഷ്യാനെറ്റിലെ കുറെ പാവങ്ങള്‍ എന്തുവേണ്ടൂ എന്നറിയാതെ നട്ടംതിരിയുന്നുണ്ട്. അവര്‍ക്ക് പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വവുമുണ്ടെന്നാണ് കേള്‍വി. അത്തരക്കാര്‍ക്ക് മര്‍ഡോക്ക് കെന്റുക്കി ചിക്കനും ഹോട്ട് ഡോഗും കൊണ്ടുകൊടുക്കട്ടെ. അവര്‍ ആഗോള മാധ്യമ ബീമിങ്ങില്‍ ഭാഗഭാക്കാവട്ടെ. അതിനു പറ്റാത്തവര്‍ വല്ല സായാഹ്ന പത്രത്തിലോ നാടന്‍ പട്ടിണിച്ചാനലിലോ വേറെ പണിനോക്കട്ടെ.

പിണറായി വിജയന്‍ മര്‍ഡോക്കിന്റെ വരവിനെപ്പറ്റിപറഞ്ഞുപോയതാണ് ഇപ്പോള്‍ ആറ്റംബോംബായത്. പിണറായിയുടെ പാര്‍ട്ടി നടത്തുന്ന ചാനല്‍ നന്നാക്കിയിട്ടുപോരേ മര്‍ഡോക്കിന്റെ വരവിനെക്കുറിച്ച് പറച്ചില്‍ എന്ന ചോദ്യത്തിന് ഒരു താളമുണ്ട്. പാര്‍ട്ടി ചാനല്‍ നടത്തുന്നില്ലെന്നുപറഞ്ഞാല്‍ പരിഹസിക്കണം. മാത്രമല്ല, ചാനലിന്റെ ശമ്പളം വാങ്ങി മൃഷട്ാന്നമടിച്ച് യൂണിയന്‍വേദിയില്‍ കയറിച്ചെന്ന് വായില്‍തോന്നിയത് വിളിച്ചുപറഞ്ഞ ജീവനക്കാരിക്കെതിരെ അനിവാര്യമായ അച്ചടക്കനടപടിയെടുത്തതിനെ 'കൊടും പീഡനമായി' പറഞ്ഞു പരത്തിക്കൊണ്ടേയിരിക്കണം. പാര്‍ട്ടി മാധ്യമത്തിലെ നടപടികളെ എതിര്‍ത്തതിന്റെ പേരിലാണുപോല്‍ യൂണിയനോട് സിപിഎമ്മിന് എതിര്‍പ്പ്. അപ്പോള്‍, സിപിഎമ്മുകാരൊന്നും ആ യൂണിയനില്‍ അവശേഷിക്കുന്നില്ലേ മാഷേ?

സിപിഎമ്മിന്റെ സഥാപനങ്ങളില്‍ തൊഴിലാളിദ്രോഹം നടക്കുന്നുണ്ടെങ്കില്‍ നട്ടെല്ലുനിവര്‍ത്തി അതിനെ ചെറുക്കാനുള്ള ധൈര്യം വീരധീര യൂണിയനില്ലേ? യൂണിയന്‍ കാരെ എന്നെങ്കിലും സിപിഎമ്മുകാര്‍ തല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ?

രാജേന്ദ്രന്റെ വികാരപ്രകടനവും വാക് വിരേചനവും കണ്ടാല്‍ തോന്നും, റൂപ്പര്‍ട്ട് മര്‍ഡോക്കിനെക്കാള്‍ ഭീകരന്‍മാര്‍ ഇവിടത്തെ മാര്‍ക്സിസ്റ്റുകാരാണെന്ന്. മര്‍ഡോക്ക് വന്നോട്ടെ, പിണറായി മിണ്ടരുത് എന്നാണല്ലോ ആജ്ഞ. തലശ്ശേരിയില്‍ നെട്ടൂര്‍ എന്നൊരു കുന്നുണ്ട്. ഉച്ചിയില്‍കയറിനിന്ന് ഒച്ചത്തില്‍ വിളിച്ചുകൂവിയാല്‍ അതേ ശബ്ദത്തില്‍ പ്രതിനിധിയുണ്ടാകും. രാജേന്ദ്രന്‍ മനസ്സില്‍തോന്നുന്ന തെറിയെല്ലാം കുന്നില്‍ കയറി അങ്ങനെ വിളിച്ചുപറയുക. മനസ്സമാധാനവും കിട്ടും, കേള്‍ക്കേണ്ടത് കേട്ടതിന്റെ സുഖവുമുണ്ടാകും. (രാജേന്ദ്രന്റെ ബ്ളോഗില്‍ ഇടാനുദ്ദേശിച്ച കമന്റ് എഴുതിവന്നപ്പോള്‍ നീണ്ടുപോയി. അതുകൊണ്ട് പ്രത്യേകപോസ്റ്റാക്കി മാറ്റിയതാണ്.)